ലോകകപ്പില്‍ മോശം ഫോമിലാണ് ജീസസ്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ മോശം ഫോമില്‍ തുടരുന്ന ഗബ്രിയേല്‍ ജീസസിന് പിന്തുണയുമായി ബ്രസീല്‍ ടീമിലെ സഹതാരം വില്യന്‍. ജീസസിന് പകരം ഫെര്‍മിനോയെ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വില്യന്‍റെ പ്രതികരണം. ഗോൾ നേടാത്തതിനാലാണ് ജീസസിനെതിരെ വിമര്‍ശനം ഉയരുന്നത്. എന്നാല്‍, മാര്‍ക്കിങിലും പന്ത് തിരിച്ചു പിടിക്കുന്നതിലുമെല്ലാം മികച്ച പ്രകടനമാണ് താരത്തിന്‍റേത്. ജീസസും ഫെര്‍മിനോയും ടീമിന് ഒരുപോലെ പ്രധാനപ്പെട്ടവരാണെന്നും വില്യന്‍ പറഞ്ഞു. മെക്സികോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരാനായി ഇറങ്ങിയ ഫെര്‍മിനോ ഗോൾ നേടിയിരുന്നു. ഗോൾ കണ്ടെത്താന്‍ ലോകകപ്പില്‍ ഉടനീളം ജീസസ് പരാജയപ്പെട്ടപ്പോഴാണ് ഫെര്‍മിനോയെ ടീമിലെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.