ചെന്നൈ: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് വ്യാപക അക്രമം നടന്ന ചെന്നൈ സത്യഭാമ സര്‍വകലാശാല അടുത്ത മാസം മൂന്ന് വരെ അടച്ചിട്ടു. ചെന്നൈ ഒഎംആറിലെ എഞ്ചിനീയറിംഗ് കോളേജുള്‍പ്പടെയുള്ള എല്ലാ പഠനവിഭാഗങ്ങളും അടച്ചിടാനാണ് തീരുമാനം. സത്യഭാമ സര്‍വകലാശാലയുടെ നാലുഭാഗത്തും കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോപ്പിയടിച്ച് പിടിച്ചതിനെത്തുടര്‍ന്ന് അപമാനം സഹിക്കാതെ രാഗ മോണിക്ക റെഡ്ഡി എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഇന്നലെ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് ക്യാംപസില്‍ പ്രതിഷേധം തുടങ്ങിയത്. മരിച്ച മോണിക്കയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം റോയപ്പേട്ട സര്‍ക്കാരാശുപത്രിയില്‍ സൂക്ഷിച്ചിരിയ്‌ക്കുകയാണ്.

മോണിക്കയുടെ ബാച്ചിലെ വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച പ്രതിഷേധപ്രകടനം പിന്നീട് അക്രമത്തിലേയ്‌ക്ക് വഴിമാറുകയായിരുന്നു. അദ്ധ്യാപകരുടെ പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാരോപിച്ച് അക്രമം അഴിച്ചുവിട്ട വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ കെട്ടിടത്തിനും തൊട്ടടുത്തുള്ള മരത്തിനും തീ കൊളുത്തി.