നഗരത്തില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്ന ഷോപ്പിംഗ് സെന്‍ററുകള്‍, മ്യൂസിയം, സിറ്റി കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ മുലയൂട്ടാനുള്ള ഇടങ്ങള്‍ നിര്‍മ്മിക്കും
തിരുവനന്തപുരം: നഗരപരിതിയിലെ പ്രധാന സ്ഥലങ്ങളില്‍ മുലയൂട്ടാനുളള ഇടങ്ങള്‍ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന് (എന്‍എച്ച്എം). നഗരത്തില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്ന ഷോപ്പിംഗ് സെന്‍ററുകള്‍, മ്യൂസിയം, സിറ്റി കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ മുലയൂട്ടാനുള്ള ഇടങ്ങള്‍ നിര്‍മ്മിക്കും. മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമായി ബുധനാഴ്ച ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കസേര, എയര്‍ കണ്ടീഷണര്‍ അല്ലെങ്കില്‍ ഫാന്‍, ചവറ്റുകുട്ട, വാഷ്ബേസിന്‍ എന്നീ സംവിധാനങ്ങളോടെ മുലയൂട്ടാനുള്ള ചെറിയ മുറി തയ്യാറാക്കാന്‍ ഷോപ്പിംഗ് സെന്‍ററുകളോടും മ്യൂസിയം ഡയറക്ടറോടും നഗരസഭാ മേയറോടും ആവശ്യപ്പെട്ടതായും എന്‍എച്ച്എം അറിയിച്ചു.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആറ് മാസം പ്രായമായ കുട്ടികളില്‍ 54 ശതമാനം പേരെ മാത്രമേ മുലയൂട്ടുന്നുള്ളൂ. മുലയൂട്ടാന്‍ പ്രത്യേക സൗകര്യം നഗരങ്ങളില്‍ ഒരുക്കുന്നതോടെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ഇത് കുട്ടികളുടെ ബൗധിക വളര്‍ച്ചയ്ക്ക് സഹായകമാകുകയും ചെയ്യുമെന്നും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ അരുണ്‍ പി വി പറഞ്ഞു.
മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജീവാമൃതം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേശന്‍ തുടങ്ങുമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ആപ്പ് വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അരുണ്‍ പറഞ്ഞു.
