തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനങ്ങള്‍ക്ക് ശേഷം മാത്രം അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  അനുമതി നല്‍കിയതില്‍ വീഴ്ച ഉണ്ടായിട്ടില്ല.  റദ്ദാക്കുന്നത് വിവാദം ഒഴിവാക്കനെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ യൂണിറ്റിന് അനുമതിക്കുള്ള നടപടി തുടരും. ആര്‍ക്കും അപേക്ഷ നല്‍കാം.  നാടിന്‍റെ പുനർ നിര്‍മ്മാണത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനാൽ ചെറിയ വിട്ട് വീഴ്ച എന്ന് കരുതിയാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ബ്രൂവറിയിലെ സര്‍ക്കാരിന്‍റെ പിന്മാറ്റം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബ്രൂവറിയില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നു. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. രാജിക്കായി പ്രക്ഷോഭം തുടരും. യുഡിഎഫ് സമര പരിപാടികളും ആയി മുന്നോട്ട് പോകും. അനുമതി റദ്ദാക്കിയത് കള്ളത്തരം പുറത്ത് വരുന്നത് ഭയന്ന് എന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്‍റെ ആദ്യ ശ്രമം അനുകൂലിക്കാൻ ആയിരുന്നു, ന്യായീകരിക്കാൻ ആയിരുന്നു. എന്നാല്‍ രേഖകളുടെ പിൻബലത്തോടെ കാര്യങ്ങൾ പുറത്തു വന്നപ്പോൾ ആണ് അനുമതി റദ്ദാക്കിയത് എന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി ഇടപാടില്‍ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തി. സ്വന്തക്കാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി വെള്ള പേപ്പറില്‍ അനുമതി എഴുതി നല്‍കി. മന്ത്രി നടത്തിയ അഴിമതി കയ്യോടെ പിടിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി ബ്രൂവറി അനുമതി പിന്‍വലിച്ചത് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.