ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ന് ഔദ്യോഗികമായി തുടക്കമിടും. സ്വതന്ത്ര വിപണിയായ യൂറോപ്പില്‍ നിന്ന് പുറത്തുപോകുന്‌പോള്‍ വാണിജ്യ മേഖലയിലെ സഹകരണം അടക്കമുള്ള കാര്യങ്ങളില്‍ കരാറിലെത്തുക വെല്ലുവിളിയാണ്.

യൂറോപ്യന്‍ യൂണിയന്‍ വിടാമെന്ന് ബ്രിട്ടിഷ് ജനത, ഹിതപരിശോധനയില്‍ വ്യക്തമാക്കിയതിന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ലിസ്ബണ്‍ ഉടന്പടിയിലെ 50ആം അനുച്ഛേദ പ്രകാരമാണ് ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടുപോവുക. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള താത്പര്യം യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷനെ ബ്രിട്ടിഷ് പറധാനമന്ത്രി തേരേസ മേയ് രേഖാമൂലം അറിയിക്കും. ബ്രെക്‌സിറ്റ് നടപ്പാകാന്‍ രണ്ട് വര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. 

യൂറോപ്യന്‍ യൂണിയനുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കുമെന്നും യൂണിയന് പുറത്തും മികച്ച ബന്ധങ്ങളുണ്ടാകാനാകുമെന്നും മേയ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ മേയ്ക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. യൂണിയന്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളും , ബ്രിട്ടന്റെ താത്പര്യങ്ങളും ഒരു പോലെ പരിഗണിച്ച് ചര്‍ച്ചകളിലൂടെ വിടുതല്‍ കരാറിലെത്തണം. ഇതിന് അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. യൂണിയന്റെ നിയമവ്യവസ്ഥയില്‍ നിന്ന് പുറത്തുവരുന്‌പോള്‍ പുതിയ നിയമനിര്‍മ്മാണങ്ങളും വേണ്ടിവരും. ഇതുവരെ യൂറോപ്പ് എന്ന വിപണി പൂര്‍ണമായും തുറന്നുകിട്ടിയിരുന്ന ബ്രിട്ടന് അതില്‍ നിന്ന് പുറത്തുവരുമ്പോഴുണ്ടാകുന്ന നഷ്ടങ്ങള്‍ പരമാവധി ലഘൂകരിക്കുന്ന വിധത്തില്‍ വ്യാപാര കരാറുണ്ടാക്കണം. 

എന്നാല്‍ കൂടുതല്‍ പേര്‍ ബ്രിട്ടന്റെ വഴി തെരഞ്ഞെടുക്കാതിരിക്കാതിരിക്കാന്‍ കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാനാകും യൂണിയന്‍ ശ്രമിക്കുക. ബ്രെക്‌സിറ്റ് നടപടികള്‍ സംബന്ധിച്ച് ബ്രിട്ടിഷ് പാര്‍ലമെന്റിന്‍രെ സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ട് പ്രതീക്ഷാവഹമല്ലെന്ന് ചൂണ്ടിക്കാട്ടി പല അംഗങ്ങളും കമ്മിറ്റിയുടെ യോഗം ബഹിഷ്‌കരിച്ചു. ബ്രെക്‌സിറ്റിന് മുന്പ് ബ്രിട്ടണില്‍ നിന്ന് പുറത്ത് പോകുന്ന കാര്യത്തില്‍ വീണ്ടും ഹിതപരിശോധന നടത്താന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചത് തെരേസ മേയുടെ ആശങ്ക കൂട്ടുന്നു. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ബ്രിട്ടന് അനുകൂലമാക്കാന്‍ തെരേസ മേയ് ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും.