ദില്ലി: വ്യക്തമായ തെളിവുകളില്ലാതെ ചീഫ് ജസ്റ്റിസിനെതിരെ മെഡിക്കൽ കോളേജ് അഴിമതിയിൽ ആരോപണം ഉന്നയിച്ചത് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി. ഇത് ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് പിൻവലിക്കാൻ തയ്യാറല്ലെന്ന് ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷൻ വ്യക്തമാക്കിയതോടെ കേസ് വിധി പറയാൻ മാറ്റിവെച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ട അത്യന്തം നാടകീയവും അസാധാരണ നടപടികളും കണ്ട മെഡിക്കൽ അഴിമതി കേസ് ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിയോഗിച്ച ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാൾ, അരുണ്‍ മിശ്ര, എ.എം.ഖാൻവിൽകര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പരിഗണിച്ചു. കേസിൽ ചീഫ് ജസ്റ്റിസിനെതിരെ നേരിട്ട് ആരോപണമില്ലെങ്കിലും സുപ്രീംകോടതി ജഡ്ജിമാര്‍ക്കായി പണപ്പിരിവ് നടത്തിയെന്നാണ് അറസ്റ്റിലായവരിൽ നിന്ന് പുറത്തുവന്ന വിവരമെന്ന് അഭിഭാഷകരായ ശാന്തിഭൂഷനും പ്രശാന്ത് ഭൂഷനും ചൂണ്ടിക്കാട്ടി. 

കേസിൽ വസ്തുത പുറത്തുവരണമെങ്കിൽ റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാൽ ജഡ്ജിമാര‍്ക്കെതിരെ ആര്‍ക്കും ആരോപണം ഉന്നയിക്കാമെന്നും അതിന്‍റെയെല്ലാം പുറകേപോയാൽ ജുഡീഷ്യൽ സംവിധാനം തന്നെ തകരുമെന്നും സുപ്രീംകോടതി മറുപടി നൽകി. ഈ കേസിന്‍റെ പേരിൽ നടന്ന അസാധാരണ നടപടികൾ തന്നെ ജുഡീഷ്യറിയുടെ അന്തസ്സിന് വലിയ ആഘാതമുണ്ടാക്കി. അത് പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കോടതി പറഞ്ഞു.

 ജുഡീഷ്യറിയുടെ അന്തസ് കാത്തുസൂക്ഷിക്കണമെങ്കിൽ കേസ് പിൻവലിക്കാൻ പ്രശാന്ത് ഭൂഷൻ തയ്യാറാകണമെന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രശാന്ത് ഭൂഷൻ വ്യക്തമാക്കിയതോടെ കേസ് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ പ്രശാന്ത് ഭൂഷൻ നടത്തിയ നീക്കങ്ങൾ സംശയങ്ങൾ ഉണ്ടാക്കുന്നതാണെന്നും, അത് കോടതി അലക്ഷ്യം തന്നെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ലക്നൗ മെഡിക്കൽ കോളേജിന് അംഗീകാരം കിട്ടാനായി സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കോഴ നൽകി എന്ന ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ കാമിനി ജയ്സ്വാളും പ്രശാന്ത് ഭൂഷനും നൽകിയ ഹര്‍ജികൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയാതെ അസാധാരണ നടപടിയിലൂടെ രണ്ട് കോടതികൾ ഭരണഘടന ബെഞ്ചിന് വിട്ടതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഭരണഘടന ബെഞ്ച് അടിയന്തിരമായി രൂപീകരിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു. അതിന് ശേഷം രൂപീകരിച്ച മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ച് വിധി പറയാൻ മാറ്റിവെച്ചത്.