ജയിഷെ മുഹമ്മദ് തലവന്‍ മഷൂദ് അസ്ഹറിനെ ഭീകരവാദികളുടെ രാജ്യാന്തര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍ ഉള്‍പ്പടെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരവാദികള്‍ ലോകത്തിനാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. ഐഎസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഒന്നിച്ചു നില്ക്കാമെന്ന് പറഞ്ഞ ഷി ജിന്‍പിങ് മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്കിയില്ല. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം എന്നിവയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാം എന്ന് ഷി ജിന്‍പിങ് എന്ന് മോദിയെ അറിയിച്ചു.

 രണ്ടു പുതിയ സുഹൃത്തുക്കളെക്കാള്‍ പഴയ സുഹൃത്താണ് ഉത്തമം എന്ന വാക്കുകളോടെ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ റഷ്യയ്ക്കുള്ള അതൃപ്തി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയില്‍ ശ്രമിച്ചു. .പതിനാറു കരാറുകളിലും മൂന്ന് പ്രഖ്യാപനങ്ങളിലും നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുട്ചിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പു വച്ചു. 200 കാമോവ് 226 ടി ഹെലികോപ്റ്ററുകളും നാലു യുദ്ധക്കപ്പലുകളും എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനവും റഷ്യ ഇന്ത്യയ്ക്കു നല്കു. കൂടംകുളത്ത് 5,6 റിയാക്ടറുകള്‍ കൂടി സ്ഥാപിക്കും. 

ബ്രിക്‌സ് അംഗരാജ്യങ്ങളുടെ നേതാക്കള്‍ക്ക് ഗോവയില്‍ നരേന്ദ്ര മോദി വിരുന്ന് നല്കി. എല്ലാ നേതാക്കളും മോദി ഉപയോഗിക്കുന്നത് പോലുള്ള ജാക്കറ്റുകളും അണിഞ്ഞ് വിരുന്നിന് എത്തിയത് കൗതുകമായി. നാളെ പ്‌ളീനറി സെഷനും വൈകിട്ട് 7ന് ബിംസ്‌ടെക് രാജ്യങ്ങളും ബ്രിക്‌സ് നേതാക്കളും ഉള്‍പ്പെട്ട പ്രത്യേക കൂടിക്കാഴ്ചയും നടക്കും. പാകിസ്ഥാന് മുന്നറിയിപ്പ് നല്കുന്ന ഒരു പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകാനുള്ള ശമം ഇന്ത്യ നടത്തും.