ഷിയാമെ: പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങൾക്കെതിരെ പ്രമേയം പാസാക്കി ബ്രിക്സ് ഉച്ചകോടി . ചൈനയുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യ കൊണ്ടുവന്ന പ്രമേയത്തെ ചൈന ഉൾപ്പെടെയുള്ള അംഗ രാജ്യങ്ങൾ പിന്തുണച്ചു. നാളെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും
പാകിസ്ഥാൻ മണ്ണിലേതടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങൾ ഉന്നയിക്കേണ്ട വേദിയല്ല ബ്രിക്സ് ഉച്ചകോടിയെന്നും ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കണമെന്നായിരുന്നു ഉച്ചകോടി തുടങ്ങുന്നതിന് മുന്പ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്. എന്നാൽ ഉച്ചകോടിയുടെ ആദ്യദിനം തന്നെ ഭീകരതയ്ക്കെതിരെ പ്രമേയം കൊണ്ടുവന്ന ഇന്ത്യ പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തൈബ, ജെയ്ഷ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യൻ നിലപാടിനെ മറ്റ് അംഗരാജ്യങ്ങളും പിന്തുണച്ചതോടെ പ്രമേയത്തിൽ ഒപ്പുവയ്ക്കാൻ ചൈനയും നിര്‍ബന്ധിതരായി. ഇതോടെ ഭീകരതയ്ക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ആഗോള ഭീകരവാദസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അൽഖയ്ദ, താലിബാൻ, എന്നിവയേയും പ്രമേയം പേരെടുത്ത് വിമര്‍ശിച്ചു. ഭീകരത എന്തിന്‍റെ പേരിൽ ആര് നടത്തിയാലും ന്യായീകരണമില്ലെന്നും യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും പ്രമേയം നിര്‍ദ്ദേശിച്ചു.
ഉച്ചകോടിക്കിടയിലെ പ്ലീനറി സമ്മേളനത്തിൽ പാകിസ്ഥാനും ഭീകരവാദവും പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരതയ്ക്കെതിരെ പ്രമേയം കൊണ്ടുവന്നത്. നാളെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി ഭീകരാവാദം, ദോക്‍ലാം അതിര്‍ത്തി പ്രശ്നം എന്നീ വിഷയങ്ങൾ ഉന്നയിക്കും.
