ഉത്തര്‍പ്രദേശ്: പാന്‍ മസാല ചവച്ച ശേഷം വരന്‍ വിവാഹ വേദിയില്‍ എത്തിയതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ മുരാര്‍പട്ടി ഗ്രാമത്തിലായിരുന്നു സംഭവം. പ്രാദേശികമായി കിട്ടുന്ന ഗുഡ്ക എന്ന പാന്‍ ചവച്ച ശേഷമാണ് വരന്‍ വേദിയിലെത്തിയത്. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ വധുവിന് ഇത് അസഹ്യമായിരുന്നു. പാന്‍ മസാല ഉപയോഗിക്കുന്നയാളെ തനിക്ക് വേണ്ടെന്ന് വധു തുറന്ന് പറഞ്ഞു.
ഇരുവരുടെയും കുടുംബവും ബന്ധുക്കളും രാത്രി വരെ വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചു നിന്നു. ഇതേത്തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയോട് സംസാരിച്ച ശേഷം പോലീസും വധുവിനൊപ്പം നിന്നു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കുടുംബങ്ങളും നിര്‍ബന്ധിതരായി.
