വിവാഹ വേദിയില്‍ മദ്യപിച്ച് ലക്കു‌കെട്ട് നൃത്തം ചവിട്ടിയ വരനെ താലികെട്ടുന്നതിന് തൊട്ടുമുമ്പ് വധു വേണ്ടെന്നുവെച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. അനുഭവ് മിശ്രയും പ്രിയങ്ക തൃപ്തിയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്നത്. മദ്യപിച്ച് നിലതെറ്റിയ വരന്‍ നിലത്ത് കിടന്നിഴയുകയും അപസ്വരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.സുഹൃത്തുക്കള്‍ നോട്ടുകള്‍ വിതറി വരനായ അനുഭവ് മിശ്രയുടെ ആവേശം കൂട്ടുകയും ചെയ്തു. 

വധുവിന്റെ ബന്ധുക്കള്‍ വരനെ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യാന്‍തുടങ്ങുമ്പോഴായിരുന്നു വരന്റെ ഡാന്‍സ്. വേദിയിലുണ്ടായിരുന്ന ഡി.ജെ സംഘത്തിന്റെ പാട്ടുകേട്ടാണ് വരന്റെ സ്വഭാവം മാറിയത്. തുടര്‍ന്ന് വധു വിവാഹം വേണ്ടെന്ന് വെച്ചു. വരന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു തീരുമാനത്തിലുറച്ചു നില്‍ക്കുകയായിരുന്നു. അടിപിടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം വരന്‍ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.

വരനും വധുവും തമ്മില്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നു ചടങ്ങിന് തൊട്ടുമുമ്പ് വരെ. വിവാഹത്തിനുമുമ്പുള്ള എല്ലാചടങ്ങുകളിലും ഇവര്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. വിവാഹ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. എന്നാല്‍ ഒരു ഡാന്‍സ് കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. മദ്യപിച്ചുള്ള നൃത്തവും നിലത്ത് കിടന്നുള്ള ഇഴയലും കണ്ടതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന ഉറച്ച നിലപാട് വിവാഹ വേദിയില്‍ വെച്ചുതന്നെ എടുക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ തനിക്ക് ചേര്‍ന്ന മറ്റൊരു പങ്കാളിയെ പ്രിയങ്ക തെരഞ്ഞെടുക്കുകയും ചെയ്തു.