ധേങ്കനല്‍ : ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട വരനെതിരെ പൊലീസിന് വധുവിന്‍റെ പരാതി. ഒഡീഷയിലെ ധേങ്കനല്‍ ജില്ലയിലാണ് സംഭവം. അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശാന്തി സ്വരൂപ് ദാസിനെതിരെ സ്വര്‍ണമയി നായിക് ആണ് പരാതി നല്‍കിയത്.ഇയാള്‍ സ്വര്‍ണമയിയുടെ കുടുംബത്തോട് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. 

ജനുവരി 24 ന് നധാര ഗ്രാമത്തിലായിരുന്നു സംഭവം.വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് രാവിലെ 9.20 ഓടെ യുവാവിന്‍റെ പിതാവ് പെണ്‍കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടാണ് ഇത്രയും വലിയ തുക സ്ത്രീധനം ചോദിച്ചത്.എന്നാല്‍ നേരത്തെ വരന്റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം 20 ലക്ഷം രൂപ സ്വര്‍ണമയിയുടെ കുടുംബം നല്‍കിയിരുന്നു.

എന്നാല്‍ ആകെ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടതോടെ അത്രയും തുക നല്‍കാനാവില്ലെന്ന് കുടുംബം വ്യക്തമാക്കി.ഇതോടെ ശാന്തി സ്വരൂപ് ദാസ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് വിവാഹ വേഷത്തില്‍ തന്നെ സ്വര്‍ണമയി പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചിച്ചിരിക്കുകയാണ്.സ്ത്രീധന നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്‌.