നാഷ്വില്ല; വിവാഹം കഴിച്ച് നിമിഷങ്ങള്‍ക്കകം വരനു നേരെ വെടിവെച്ച വധു അറസ്റ്റിലായി. അമേരിക്കയിലെ ടെന്നീസയിലാണ് സംഭവം കേറ്റ് എലിസബത്ത് പിച്ചാര്‍ഡ് എന്ന 25കാരിയും ജാരിഡ് ബര്‍ട്ടോണ്‍ എന്ന 30കാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. വിവാഹവേഷത്തില്‍ തന്നെ തുടര്‍ന്ന് വധു അറസ്റ്റിലായി. വിവാഹത്തിന് ശേഷം നടന്ന പാര്‍ട്ടിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

സംഭവത്തെ കുറിച്ച് ഇരുവരോടും പോലീസ് അന്വേഷിച്ചെങ്കിലും കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് ദൃക്‌സാക്ഷികളാണ് നടന്ന സംഭവം പോലീസിനോട് വിവരിച്ചത്. വിവാഹത്തിന് ശേഷം നവദമ്പതികള്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും സംസാരിക്കുന്നതിനിടയില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയായിരുന്നു. 

തുടര്‍ന്ന് വിവാഹവസ്ത്രത്തില്‍ നിന്ന് തോക്കെടുത്ത് വധു വരന്‍റെ തലക്കു നേരെ തോക്ക് ചൂണ്ടി. എന്നാല്‍ തോക്ക് ലോഡ് ചെയ്തിരുന്നില്ല. പിന്നീട് തോക്ക് ലോഡ് ചെയ്ത് വധു ശൂന്യതയിലേക്ക് വെടിവെയ്ക്കുകയായിരുന്നു, അപ്പോള്‍ ആളുകള്‍ ഭയപ്പെട്ട് ഓടി. സംഭവം കൈവിട്ടു പോയെന്ന് മനസ്സിലായ വധു തോക്ക് ബാത്ത്‌റൂമില്‍ ഒളിപ്പിച്ചു. എന്നാല്‍ പോലീസ് എത്തി തോക്ക് കണ്ടെടുത്ത് വധുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.