ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗിക തുടക്കം. യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കത്ത് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോണള്‍ഡ് ടസ്കിന് കൈമാറി. മടങ്ങിവരവില്ലാത്ത ചരിത്ര മുഹൂര്‍ത്തമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പാര്‍ലമെന്‍റില്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായുള്ള 40വര്‍ഷത്തിലേറെ നീണ്ട ബന്ധമുപേക്ഷിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കാണ് ബ്രിട്ടന്‍ തുടക്കമിട്ടത്. സാമ്പത്തിക രംഗവും സുരക്ഷാസഹകരണവും അടക്കമുള്ള കാര്യങ്ങളില്‍ ആഴത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ പറയുന്നു. ബ്രിട്ടീഷ് ജനത ഒന്നിച്ച് നില്‍ക്കണമെന്നും രാജ്യത്തുള്ള യൂറോപ്യന്‍ പൗരന്മാരെ കൂടി പ്രതിനിധാനം ചെയ്താകും ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കുകയെന്നും പ്രധാനമന്ത്രി തെരേസ മേയ് പാര്‍ലമെന്‍റില്‍ പറഞ്ഞു. 

എന്നാല്‍ മേയുടെ നടപടികള്‍ എടുത്തുചാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ വിമര്‍ശിച്ചു. ഒട്ടും സന്തോഷമുള്ള ദിവസമല്ല ഇതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോണള്‍ഡ് ടസ്ക് പറഞ്ഞു. ഒത്തുതീര്‍പ്പ് കരാറിനായുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്നും ബ്രിട്ടനുമായി അടുത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനകം വിടുതല്‍ കരാറിലെത്തേണ്ടതുണ്ട്. കരാറിന് യൂറോപ്യന്‍ യൂണിയനിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടണം. ഇതോടൊപ്പം വാണിജ്യ കരാറുകളടക്കമുള്ളവയ്‌ക്കും രൂപം നല്‍കണം. വിടുതല്‍ കരാ‍ര്‍ സംബന്ധിച്ച ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റും അംഗീകരിക്കണം. ഈ കടമ്പകളെല്ലാം തെരേസ മേ എങ്ങനെ മറികടക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.