ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മല്‍സ്യത്താഴിലാളികളെ തടഞ്ഞു വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 16നാണ് രണ്ട് ബോട്ടുകളിലായി 32 പേര്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയത്. കൊച്ചിയില്‍ നിന്ന് 1500 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബ്രിട്ടീഷ് നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശി ജൂഡ് ആല്‍ബര്‍ട്ടിന്റെ പേരിലുള്ള മെര്‍മെയിഡ്, കൊച്ചി പള്ളുരുത്തി സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീന്‍ എന്നീ ബോട്ടുകളിലായിരുന്നു യാത്ര. തടവിലായവരില്‍ ഭൂരിഭാഗവും നാഗര്‍കോവില്‍, വിഴിഞ്ഞം, കന്യാകുമാരി മേഖലകളില്‍ നിന്നുള്ളവരാണ്. 

പിടിയിലായവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപ് സൈനിക കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ മുമ്പും ഇവിടെ പിടിയിലായിട്ടുണ്ടെങ്കിലും നയതന്ത്ര നീക്കത്തിലൂടെ മോചിപ്പിക്കുകയായിരുന്നു.