ബെയ്റൂട്ട്: ലോകമനഃസാക്ഷിയെ കരയിച്ച ചിത്രത്തിലെ സിറിയൻ ബാലൻ ഉമ്രാൻ ദഖ്നീശിന്‍റെ സഹോദരന്‍ മരണത്തിനു കീഴടങ്ങി. വടക്കൻ സിറിയൻ നഗരമായ അലെപ്പോയിൽ ബുധനാഴ്ച വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തിയ അലി ദഖ്നീശ് എന്ന പത്തു വയസുകാരനാണ് ആശുപത്രിയില്‍ മരിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.

ഉമ്രാൻ എന്ന അഞ്ചു വയസുകാരനൊപ്പം മുറിവുകളുമായി രക്ഷപ്പെട്ട മൂത്ത സഹോദരനാണ് അലി ദഖ്നീശ്. ഉമ്രാനെയും രണ്ടു സഹോദരങ്ങളെയും മാതാപിതാക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തുന്ന വിഡിയോയും ചോര വാർന്നൊഴുകുന്ന മുഖവുമായി ഞെട്ടൽ മാറാതെ നിർവികാരനായി ആംബുലൻസിൽ ഇരിക്കുന്ന ഉമ്രാന്‍റെ ദൃശ്യങ്ങളും സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്തചിത്രമായി ഇതിനകം മാറിക്കഴിഞ്ഞു.