ഓസ്ട്രേലിയന്‍ വീസക്കു വേണ്ടി സഹോദരനും സഹോദരിയും വിവാഹിതരായി. ഓസ്ട്രേലിയയിൽ പോകണമെന്ന ആഗ്രഹത്താലാണ് പഞ്ചാബ് സ്വദേശികളായ സഹോദരനും സഹോദരിയും വിവാഹം ചെയ്തത്.
സിഡ്നി: ഓസ്ട്രേലിയന്‍ വീസക്കു വേണ്ടി സഹോദരനും സഹോദരിയും വിവാഹിതരായി. ഓസ്ട്രേലിയയിൽ പോകണമെന്ന ആഗ്രഹത്താലാണ് പഞ്ചാബ് സ്വദേശികളായ സഹോദരനും സഹോദരിയും വിവാഹം ചെയ്തത്. ഓസ്ട്രേലിയയിൽ താമസമാക്കിയ ഇവരെക്കുറിച്ച് ഒരു ബന്ധു പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്ത് എത്തിയത്.
2012ലാണ് ഇവരുടെ വിവാഹം നടന്നത്. സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവർ ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. സഹോദരന് ഓസ്ട്രേലിയയിൽ താമസിക്കുവാനുള്ള സ്ഥിരതാമസ രേഖ ഉണ്ട്. സഹോദരിക്കും ഇവിടേക്കു വരുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയമ തടസം കാരണം ഇവർക്കു സാധിച്ചിരുന്നില്ല.
ഇതിനെ തുടർന്നാണ് വിവാഹിതരാകുവാൻ ഇവർ തീരുമാനിച്ചത്. ഗുരുദ്വാരയിൽ വച്ച് വിവാഹിതരായതിന്റെ സർട്ടിഫിക്കറ്റ് ഇവർ സ്വന്തമാക്കിയിട്ടുണ്ടെന്നും പിന്നീട് ഇത് സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രർ ചെയ്തുവെന്നും കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥൻ ജയ് സിംഗ് പറഞ്ഞു.
അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്ട്രേലിയയിലാണ് താമസം. വ്യാജ രേഖകൾ നൽകിയാണ് ഇവരും വിദേശത്തേക്കു പോയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വിദേശത്ത് പോകുവാനുള്ള ആഗ്രഹത്താൽ ആളുകൾ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികൾ ലഭിക്കാറുണ്ടെന്നും എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ജയ് സിംഗ് പറഞ്ഞു.
