കാസര്‍ഗോഡ്: ചെര്‍ക്കളയില്‍ കര്‍ണ്ണാടക ബാഗൽകോട്ട് സ്വദേശി രംഗപ്പ ഗാജിയെ (27) കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. ബെല്‍ഗാം സൂരേബാന്‍ ഗ്രാമത്തിലെ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്പ് ആഗസ്റ്റ് 9ന് രാവിലെയാണ് ചെര്‍ക്കള ദേശീയ പാതയോരത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് ദിവസം പഴക്കമുള്ള രംഗപ്പയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടത്.
സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിന് സാക്ഷിയായ ഒരാൾ രണ്ടുദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയത് കേസിൽ വഴിത്തിരിവായി. പ്രതികൾ ബെൽഗാം സ്വദേശികളാണെന്ന് അറിഞ്ഞതോടെ പൊലിസ് അന്വേഷണം കർണാടകത്തിലേക്ക് നീട്ടി. ബെല്‍ഗാം രാംദുര്‍ഗിലെത്തി ഇവരുടെ വീട് കണ്ടെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മദ്യവുമായി ബന്ധപ്പെട്ട പണ തർക്കവും തുടർന്നുണ്ടായ അടിപിടിയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. രംഗപ്പ ഗാജി നേരത്തേ മദ്യപിക്കുന്നതിന് അക്കണ്ടപ്പക്ക് പണം നല്‍കിയിരുന്നുവത്രെ. പിന്നീട് മദ്യപിക്കാൻ പണം ഇല്ലാതെ വന്നപ്പോള്‍ അക്കണ്ടപ്പ പണം നല്‍കാനുണ്ടെന്ന കാര്യം പറഞ്ഞ് രംഗപ്പ ഗാജി അക്കണ്ടപ്പയുടെ സഹോദരന്‍ വിട്ടളയെ മര്‍ദ്ദിച്ചിരുന്നുവത്രെ. ഈ വിവരം വിട്ടള അക്കണ്ടപ്പയോട് പറയുകയും ചെയ്തു. പിന്നീട് രണ്ട് പേരും ചേര്‍ന്ന് രംഗപ്പയെ മർദ്ദിച്ചു. നിലത്ത് വീണ രംഗപ്പയുടെ ദേഹത്ത് വിട്ടള ചെങ്കല്‍ കഷ്ണം കൊണ്ട് കുത്തുകയും ചെയ്തുവെന്ന് പൊലിസ് പറയുന്നു.
സംഭവസമയത്ത് മൂവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പഞ്ചായത്തംഗം എം.സി.എ. ഫൈസലിന്‍റെ മൊഴി പ്രകാരമാണ് വിദ്യാനഗർപൊലിസ് കേസെടുത്തത്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് മൃതദേഹത്തിൽ നിന്നുള്ള രക്ത സാമ്പിളുകൾ പരിശോധച്ചിരുന്നു. ചെര്‍ക്കളയിലും പരിസരത്തും കൂലിപ്പണിയെടുത്ത് വരികയായിരുന്നു രംഗപ്പ. നെഞ്ചിന്‍റെ ഇടത് ഭാഗത്ത് ഏഴോളം വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ഐ. ബാബു പെരിങ്ങേത്താണ് അന്വേഷണം നടത്തിയത്. ഇരുനൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. എസ്ഐ മാരായ രവീന്ദ്രന്‍, ഫിലിപ് തോമസ്, മെല്‍വിന്‍ ജോസ്, എസ്.സി.പി.ഒ. ലക്ഷ്മി നാരായണന്‍, ബാലകൃഷ്ണന്‍, റോജന്‍ എന്നിവരാണ് അന്വേഷണ സംഘത്ത ത്തിലുണ്ടായിരുന്നത്.
