പെരുമ്പാവൂര്‍ വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞമാസം 28 നാണ് നിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാല്‍സഗത്തിനും മര്‍ദ്ദനത്തിനും ശേഷമാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെകുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ കൊലപാതകത്തിന് ഇവര്‍ക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. 

വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിരുന്നു. രാത്രി എട്ട് മണിക്ക് നിഷയുടെ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ ക്രൂരമായി കൊല്ലപ്പെട്ട വിവരമറിയുന്നത്. ഉച്ചക്ക് 12 മണിക്ക് നിഷയെ വീടിനു പുറത്ത് കണ്ടവരുണ്ട്. അതിനാല്‍ തന്നെ ഉച്ചയ്ക്ക് 1 ന്നിനും 5 നുമിടക്കാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. 

ദില്ലിയിലെ നിര്‍ഭയുടെതിന് സമാനമായ പീഡനത്തിന് നിഷ ഇരയായി എന്നാണ് കണ്ടെത്തല്‍. ആന്തരീകാവയവയങ്ങള്‍ക്കും പരിക്കേറ്റിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. പെരുന്പാവൂര് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുറുപ്പംപടി ,പെരുന്പാവൂര്‍ സിഐമാര്‍ഉള്‍പ്പെട്ട പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. 

അതേ സമയം പെരുമ്പാവൂരില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്ന് വരികയാണെന്നും പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു.