അടിമാലി: ചിന്നാർ നിരപ്പിൽ നിന്നു ആറുമാസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെടുത്തു. ഒപ്പം താമസിച്ചിരുന്ന അയൽവാസി വാക്കത്തിക്കു വെട്ടിക്കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയ നിലയിലായിരുന്നു മൃതദേഹം.

അടിമാലി ചിന്നാർ നിരപ്പ് ലാലി സുരേഷിന്‍റെ മൃതദേഹമാണ് വീടിനു സമീപം കുഴിച്ചിട്ടിടത്തു നിന്ന് പോലീസ് സാന്നിദ്ധ്യത്തിൽ പുറത്തെടുത്തത്. അയൽവാസിയായ കിളിയയ്ക്കൽ ജോണിയാണ് ലാലിലെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയത്. കൊല്ലാനുപയോഗിച്ച വാക്കത്തിയും ഇയാൾ വീട്ടിനുളളിൽ നിന്ന് എടുത്ത് നൽകി. 

ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ലാലയുമായി അടുപ്പത്തിലായിരുന്നുവെന്നും ഒന്നിച്ചു താമസിക്കാമെന്ന വ്യവസ്ഥയിൽ വീടുപണിയാനും മറ്റും പണം നൽകിയിരുന്നെന്നുമാണ് ജോണിയുടെ മൊഴി. പിന്നീട് വാക്ക് മാറി അകലാന്‍ തുടങ്ങിയ ലാലിയോടുളള വൈരാഗ്യത്തിലും പണം കൈക്കലാക്കാനുമായിരുന്നു കൊലപാതകമെന്നുമാണ് സുരേഷ് കുറ്റസമ്മതം നടത്തിയത്. 

ആറുമാസം മുമ്പ് ലാലിയെ കാണാതിരുന്നതിനെ തുടർന്ന് മകൻ ജില്ലാ പോലീസ് സൂപ്രണ്ട് കെ.ബി.വേണുഗോപാലിനു നൽകിയ പരാതിയിലുളള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ ഇടയാക്കിയത്. അടിമാലി സി.ഐ യൂനിസിന്ടെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡ് ലാലിയുടെ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചും സംശയം തോന്നിയ ജോണിയെ കുടകിൽ വരെ പിന്തുടർന്നും നടത്തിയ അന്വേഷണത്തനൊടുവിൽ ഒളിസങ്കേതത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. 

ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച ജോണി ലാലിയെ കൊന്ന വിധവും കുഴിച്ചിട്ട സ്ഥലവും പോലിസിന് കാണിച്ചുകൊടുക്കുകയായിരുന്നു.