ദില്ലി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വീഡിയോയിലൂടെ ലോകത്തെ അറിയിച്ച സൈനികന്‍ തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തതായി ഭാര്യ ഷര്‍മ്മിള യാദവ്. ജവാനെ മാനസികമായും ശാരീരികമായും സൈന്യം പീഡിപ്പിക്കുന്നതായും ഭാര്യ ആരോപിച്ചു. ബിഎസ്എഫില്‍ നിന്ന് വിരമിക്കാന്‍ തേജ് ബഹദൂര്‍ യാദവിനോട് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും ഷര്‍മ്മിള ആരോപിക്കുന്നു.
വീഡിയോ പുറത്തുവന്നതിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ലെന്നും ബന്ധപ്പെടാന്‍ പലപ്പോഴും സാധിച്ചില്ലെന്നും അവര്‍ പറയുന്നു. വിരമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ശേഷം നടപടികള്‍ നിര്‍ത്തിവെച്ച് ഒരു മണിക്കൂറിനുള്ളില്‍ തേജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഷര്‍മിള പറയുന്നത്.
അതേസമയം തേജ് ബഹദൂര്‍ യാദവിനെതിരെ അച്ചടക്കലംഘനത്തിന് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് ബിഎസ്എഫ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അന്വേഷണ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അവസാന ഘട്ടത്തില്‍ ആയതിനാല്‍ വിആര്‍എസ് നടപടികള്‍ നിര്‍ത്തിവെച്ചതായി 30ാം തീയതി തേജ് ബഹദൂര്‍ യാദവിനെ അറിയിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.
