പതിവ് പട്രോളിങ് നടത്തുകയായിരുന്ന ബി.എസ്.എഫ് അംഗങ്ങള്‍ പ്രദേശത്ത് അസ്വഭാവികത കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലിക്ക് അടുത്ത് തന്നെയായിരുന്നു തുരങ്കത്തിലേക്കുള്ള രഹസ്യ കവാടം. അതിര്‍ത്തിക്ക് കുറുകെ എളുപ്പത്തില്‍ കടക്കാനായി നിര്‍മ്മിച്ചതായിരുന്നു ഇത്. പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് അതിര്‍ത്തി രക്ഷാ സേന കണ്ടെത്തിയത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നുഴഞ്ഞുകയറ്റാനുള്ള ശ്രമങ്ങള്‍ വ്യാപകുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.

ഇത് ആദ്യമായല്ല അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ജമ്മു ഡിവിഷനിലെ ആര്‍.എസ് പുര സെക്ടറില്‍ 30 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. 2014ലും 150 മീറ്റര്‍ നീളമുള്ള വലിയ തുരങ്കം നിര്‍മ്മാണത്തിനിടെ സൈന്യം കണ്ടെത്തി നശിപ്പിച്ചിരുന്നു. തറ നിരപ്പില്‍ നിന്ന് 20 അടിയോളം താഴ്ചയിലായിരുന്നു ഇത്. 2012ല്‍ സാംബ സെക്ടറില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അര കിലോമീറ്ററോളം നീളമുള്ള വലിയ തുരങ്കവും ബി.എസ്.എഫ് കണ്ടെത്തിയിരുന്നു.