ദില്ലി: ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ബി എസ് എഫ് നടത്തിയ വെടിവെയ്പ്പില്‍ മൂന്നു പാകിസ്ഥാന്‍ സൈനികരെ വധിച്ചു. നേരത്തെ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്‌പ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും ഏഴോളം നാട്ടുകാര്‍ മരിച്ചിരുന്നു. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെട്ടിരുന്നു. പാക് ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഷെല്ലിങിലെ പനിയാരി ഗ്രാമത്തിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. ഇതിനുള്ള പ്രത്യാക്രമണത്തിലാണ് ബി എസ് എഫ് മൂന്നു പാക് സൈനികരെ വധിച്ചത്. ഇതുകൂടാതെ 14 പാക് പോസ്റ്റുകളും ഇന്ത്യ തകര്‍ത്തിട്ടുണ്ട്. അതേസമയം കശ്‌മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.