പശ്ചിമ രാജസ്ഥാനിലാണ് കുടിവെള്ളമില്ലാതെ ജവാന്മാര്‍ കഷ്ടപ്പെടുന്നത്

ജയ്പൂര്‍: ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 270 ഓളം കിലോമീറ്റര്‍ അകലെ രാജ്യ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍. ഇന്ത്യയുടെ അതിര്‍ത്തിയായ പശ്ചിമ രാജസ്ഥാനിലാണ് കുടിവെള്ളമില്ലാതെ ബിഎസ്എഫ് ജവാന്മാര്‍ കഷ്ടപ്പെടുന്നത്. ബാര്‍മെറിലെ 66 ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ രണ്ടിടത്ത് മാത്രമാണ് പൈപ്പ് വെള്ളം കിട്ടുന്നത്. ബാക്കിയുള്ളവര്‍ ആശ്രയിക്കുന്നത് ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന വെള്ളമാണ്. 

മിക്ക പോസ്റ്റുകളിലും കുടിവെള്ള പ്രശ്‌നമുണ്ട്. എന്നാല്‍ ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും സമീപവാസികളുടെ അവസ്ഥയും ഇതുതന്നെയാണെന്നും ബാര്‍മറിലെ ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ബാര്‍മെറില്‍ മാത്രമല്ല ജയ്‌സാല്‍മര്‍, ബികനെര്‍ എന്നിവിടങ്ങളിലെ ഔട്ട്‌പോസ്റ്റുകളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. എല്ലാ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റുകളിലും കുടിവെള്ളം പൈപ്പുകളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് ജലവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹജരിരാം ബല്‍വാന്‍ പറഞ്ഞു. 

photo courtesy : hindustantimes