ശ്രീനഗര്‍: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാസേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന് മുധരവും ആശംസയും കൈമാറാതെ ബിഎസ്എഫ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേന തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ബിഎസ്എഫിന്റെ നടപടി.
രാജ്യാന്തര അതിര്‍ത്തിയിലും ജമ്മുവിലെ നിയന്ത്രണ രേഖയിലും മാസങ്ങളായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുകയാണ്. ഈ റിപ്പബ്ലിക് ദിനത്തില്‍ മധുര പലഹാരം കൈമാറില്ലെന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെ വ്യാഴാഴ്ച അറിയിച്ചുവെന്ന് ബി.എസ്.എഫ് വക്താക്കള്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലും ഇരുരാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനത്തിലും ഈദ്, ദീപാവലി ആഘോഷ വേളകളിലും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി രക്ഷാസേനകള്‍ പരസ്പരം മധുരപലഹാരങ്ങളും ആശംസകളും കൈമാറുന്നത് വര്‍ഷങ്ങളായി തുടരുന്ന പതിവാണ്.
അമൃത്സറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ അട്ടാരി-വാഗാ ചെക്ക്‌പോസ്റ്റിലായിരുന്നു വിശേഷദിവസങ്ങളില്‍ മധുരം കൈമാറിയിരുന്നത്. പാക്കിസ്ഥാനുമായി ഇന്ത്യ ഇവിടെ 553 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ മുമ്പും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതുപോലെ മധുരം നല്‍കാതിരുന്നിട്ടുമുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ അതിര്‍ത്തിയില്‍ പാക് സേന നടത്തിയ ഷെല്ലിംഗില്‍ ഏഴ് സാധാരണക്കാര്‍ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. പാക് ഷെല്ലിംഗ് രൂക്ഷമായതിനെത്തുടര്‍ന്ന് പതിനായിരിത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
