ജമ്മുവിലെ ആര്‍.എസ് പുര സെക്ടറിലാണ് ഇന്നലെ രാത്രി പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാള്‍ പിന്നീട് മരിക്കുകയായിരുന്നു. ഞായറാഴ്ച രണ്ട് തവണ പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും തുടര്‍ന്ന് ബി.എസ്.എഫ് തിരിച്ചടിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. ആര്‍.എസ് പുര സെക്ടറിലെ 13 ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്.

ഹിരാനഗറില്‍ വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഗുരുകരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുര്‍നം സിങ് എന്ന ബിഎസ്എഫ് ജവാന്‍ ശനിയാഴ്ച കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ മരിച്ചിരുന്നു. സേന എന്തിനും തയ്യാറാണെന്നും ഇനി പാകിസ്ഥാനില്‍ നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ ഞായറാഴ്ച പറഞ്ഞു.