ദില്ലി: ബിഎസ്എഫ് വനിതാ സേനാംഗങ്ങളുടെ മോട്ടോര്‍ സൈക്കിള്‍ പ്രകടനമാണ് ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിന്‍റെ ഹൈലൈറ്റ്. വനിതകളുടെ അഭ്യാസ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ആകാംക്ഷയോടെയാണ് രാജ്യം കണ്ടിരുന്നത്.

2016 ഒക്ടോബറിലാണ് വനിത സേനാംഗങ്ങളെ അണിനിരത്തി മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് നടത്തുന്നതിനെ കുറിച്ച് അതിര്‍ത്തി രക്ഷസേന അധികൃതര്‍ ആലോചിച്ചത്. പിന്നെ യോഗ്യരായ 113 വനിതകളെ തിരഞ്ഞെടുത്ത് സീമാ ഭാരതി എന്ന സംഘത്തിന് രൂപം നല്‍കി. ഇവരെ പരിശീലിപ്പിക്കാനായി രമേഷ് ചന്ദ്രയെയും ചുമതലപ്പെടുത്തി. ബിഎസ്എഫ് ഗ്വാളിയോര്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌കൂള്‍ ഡ്യെപ്യൂട്ടി കമാന്‍ഡറാണ് രമേഷ് ചന്ദ്ര.

എന്നാല്‍ സംഘം പരിശീലനത്തിന് എത്തിയപ്പോള്‍ ശരിക്കും രമേഷ് ചന്ദ്ര ഞെട്ടി. ബഹുഭൂരിപക്ഷം പേര്‍ക്കും സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയില്ലായിരുന്നു. പക്ഷേ പരിശീലനം തുടങ്ങി ഒരുമാസത്തിനകം പതിനഞ്ച് മികച്ച മോട്ടോര്‍ സൈക്കിള്‍ സവാരിക്കാരെ കണ്ടെത്താനായി.

സ്ത്രീകളെ കുറിച്ചുണ്ടായിരുന്ന കാഴ്ച്ചപ്പാടുകള്‍ എല്ലാം മാറ്റിമറിക്കുന്നതായിരുന്നു രമേഷിനുണ്ടായ അനുഭവങ്ങള്‍. പരിശീലനത്തിനിടയില്‍ ദൗത്യത്തിന്‍റെ കാഠിന്യം മനസിലാക്കിയിലും ഈ സ്ത്രീകള്‍ ഉറച്ച് നിന്നും. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കരുത്തരാണ്; മാനസികമായും ശാരീരികമായും, വൈകാരികമായുമെന്ന് ഇപ്പോള്‍ രമേഷ് ചന്ദ്ര പറയും.

സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍സിന്‍ നോര്‍യങാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. 25-30 വയസ്സിനിടയിലുള്ളവരാണ് സംഘാംഗങ്ങള്‍. ബൈക്ക് അഭ്യാസം ഉള്‍പ്പടെ പതിനാറ് തരത്തിലുള്ള സ്റ്റണ്ടുകളാണ് ഇവര്‍ അവതരിപ്പിച്ചത്.