മാന്യമായ പരിഗണനയാണ് ഉദ്ദേശിക്കുന്നതെന്ന് മായാവതി
കൈരാന: കൈരാനയിലെ ഫലം പ്രതിപക്ഷത്തിൻറെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെങ്കിലും സീറ്റു വിഭജനം പെട്ടെന്ന് പരിഹരിക്കാനാവില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റിൽ പകുതി കിട്ടിയാലേ സഖ്യത്തിനുള്ളു എന്ന് ബിഎസ്പി നേതാവ് മായാവതി സമാജ് വാദി പാർട്ടിയെ അറിയിച്ചു. മാന്യമായ പരിഗണനയാണ് ഉദ്ദേശിക്കുന്നതെന്ന് മായാവതി പാർട്ടി നേതാക്കളെ അറിയിച്ചു.
80 സീറ്റിൽ 40 മായാവതിക്കു നല്കിയാൽ എസ്പി, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയ്ക്കെല്ലാം ചേർന്ന 40 സീറ്റേ ബാക്കിയുണ്ടാവൂ എന്നും മായാവതി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും മറ്റുകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ദില്ലിയിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ഇടയിൽ സഖ്യത്തിന് കോൺഗ്രസിലെ ചില കേന്ദ്ര നേതാക്കൾ നീക്കം തുടങ്ങി. ദില്ലയിലെ ഏഴ് സീറ്റിൽ അഞ്ചെണ്ണം എഎപിക്കും രണ്ടെണ്ണം കോൺഗ്രസിനും എന്നതാണ് എഎപി ഇതിനു മുന്നോട്ടു വയ്ക്കുന്ന ഫോർമുല.
കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് മാക്കനും എഎപിയും പരസ്യമായി റിപ്പോർട്ടുകൾ തള്ളി. മുൻ മുഖ്യമന്ത്രി ഷീലീ ദീക്ഷിതിൻറെ മകൻ സന്ദീപ് ദീക്ഷിത് സഖ്യനീക്കത്തെ വിമർശിച്ച് രംഗത്തു വന്നു. കർണ്ണാടകത്തിൽ ജനതാദളുമായി ഇപ്പോഴേ സഖ്യം പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി. എന്നാൽ പ്രാദേശിക പാർട്ടികൾ സീറ്റിൻറെ കാര്യത്തിൽ കർണ്ണാടകമാതൃക വിട്ടുവീഴ്ചയാണ് കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്.
