നടപടിക്കെതിരെ പ്രതിഷേധവും വിമര്‍ശനവും ശക്തമായതോടെയാണ് വിചിത്ര വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്.

ബെംഗലൂരു: നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞ എം എൽ എ നല്‍കിയത് ഞെട്ടിക്കുന്ന വിശദീകരണം. കർണാടകയിലെ ബഹുജൻ സമാജ് വാദി പാർട്ടി എം എൽ എ ആയ മഹേഷാണ് നിയമസഭയ്ക്കുള്ളിലിരുന്ന് മൊബൈല്‍ ഫോണില്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞത്. നടപടിക്കെതിരെ പ്രതിഷേധവും വിമര്‍ശനവും ശക്തമായതോടെയാണ് വിചിത്ര വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്.

മകന് വേണ്ടി വിവാഹമാലോചിക്കുന്നതിന് വേണ്ടിയാണ് ഫോട്ടോകൾ പരിശോധിച്ചതെന്നായിരുന്നു എം എൽ എയുടെ വിശദീകരണം. നിയമ സഭക്കുള്ളിലിരുന്ന് ഫോട്ടോകൾ പരിശോധിച്ചത് എന്റെ തെറ്റാണ്. ഇനിയൊരിക്കലും ആവർത്തിക്കില്ല. മകന് വേണ്ടി വിവാഹമാലോചിക്കുകയായിരുന്നു ഞാൻ. ഒരു പിതാവെന്ന നിലയിൽ അതെന്റെ കടമയാണ്-മഹേഷ് വിശദീകരിച്ചു.

നേരത്തെ ബിജെപി നേതാവ് പ്രഭു ചവാന്‍ നിയമസഭയിലിരുന്ന് പിയങ്ക ഗാന്ധി വദ്രയുടെ ഫോട്ടോ ഫോണില്‍ സൂം ചെയ്ത് നോക്കിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ചവാനെ ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുകയും ഫോൺ ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു.