ഗൂഢാലോചന നടത്തി ബിഎസ്പിയെ ഇല്ലാതാക്കാനാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപണത്തോടെയാണ് മായാവതി സഖ്യമില്ലെന്നുള്ള പ്രഖ്യാപനം നടത്തിയത്

ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ഏക ബിഎസ്പി മന്ത്രി രാജിവെച്ചു. കുമാരസ്വാമി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായ എന്‍. മഹേഷാണ് രാജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് മഹേഷിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്.

മന്ത്രിസ്ഥാനമാണ് രാജിവെച്ചതെന്നും എംഎല്‍എ എന്ന രീതിയില്‍ തുടരുമെന്നും മഹേഷ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടിപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തന്‍റെ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കി കത്തില്‍ മഹേഷ് പറഞ്ഞിരിക്കുന്നത്.

അടുത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് ബിഎസ്പി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം തന്‍റെ പാര്‍ട്ടി നേതാവ് പറയുന്നത് പോലെ ചെയ്യുമെന്നാണ് മഹേഷ് പ്രതികരിച്ചിരുന്നത്. 

ഗൂഢാലോചന നടത്തി ബിഎസ്പിയെ ഇല്ലാതാക്കാനാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപണത്തോടെയാണ് മായാവതി സഖ്യമില്ലെന്നുള്ള പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിന് ഇപ്പോഴും സവര്‍ണമനോഭാവമാണ്. ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിനെന്നും മായാവതി പറഞ്ഞു.

ബിജെപിക്കൊപ്പം കോണ്‍ഗ്രസും കള്ളക്കേസിലൂടെ തന്നെ ദ്രോഹിച്ചു. വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാനുളള സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം രൂപീകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് കൂടിയാണ് മായാവതിയുടെ ഈ നിലപാടോടെ മങ്ങലേറ്റത്.