ബെംഗളൂരു: പിന്നാക്ക വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കാൻ സ്വന്തം വീട്ടിൽ ദളിത് കുടുംബങ്ങൾക്ക് ഭക്ഷണം വിളമ്പി ബിജെപി കർണാടക അധ്യക്ഷൻ യെദ്യൂരപ്പ.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വെല്ലുവിളി ഏറ്റെടുത്താണ് ബെംഗളൂരുവിലെ വീട്ടിൽ യെദ്യൂരപ്പ ദളിതർക്ക് വിരുന്നൊരുക്കിയ. കർണാടകത്തിൽ ബിജെപിയുടെ ജാതിസമവാക്യങ്ങൾ പാളുന്ന അവസ്ഥയാണ്. പതിവായി പിന്തുണയ്ക്കുന്ന ലിംഗായത്തുകൾ പ്രത്യേക മത പദവി ആവശ്യവുമായി ഉടക്കി നിൽക്കുന്നു.

വൊക്കലിഗ സമുദായത്തിനും സമാന പ്രശ്നം.ഇത് മുതലെടുക്കാൻ കോൺഗ്രസിന്‍റെ ശ്രമവും.ഈ സാഹചര്യത്തിലാണ് ദളിത് വോട്ടുകൾ ഉന്നമിട്ടുളള പ്രചാരണം ബിജെപി സജീവമാക്കുന്നത്.മൂന്ന് മാസം മുമ്പ് നടത്തിയ സംസ്ഥാന പര്യടനത്തിനിടെ ദളിതരുടെ വീടുകളിൽ നിന്നാണ് ബി എസ് യെദ്യൂരപ്പ ഭക്ഷണം കഴിച്ചത്. ദളിതർ വീട്ടിലുണ്ടാക്കിയത് കഴിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് വാങ്ങി വിളമ്പിയെന്നും വിവാദവുമുണ്ടായി.

അന്ന് യെദ്യൂരപ്പയെ വെല്ലുവിളിച്ചതാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ.സ്വന്തം വീട്ടിൽ ദളിതരെ കയറ്റി ഭക്ഷണം നൽകാൻ തയ്യാറുണ്ടോ എന്നായിരുന്നു വെല്ലുവിളി.അതേറ്റെടുത്ത് ബെംഗളൂരുവിലെ വീട്ടിലേക്ക് യെദ്യൂരപ്പ 36 ദളിത് കുടുംബങ്ങളെ ക്ഷണിച്ചു.ഓരോ വീട്ടിൽ നിന്ന് രണ്ട് പേർ. അവർക്ക് സദ്യയും വിളമ്പി.വസ്ത്രങ്ങൾ സമ്മാനവും നൽകി..

പ്രീണിപ്പിക്കാനല്ല വിരുന്നും വിളമ്പലുമെന്ന് ബിജെപി പറയുന്നു.എന്നാൽ കപട ദളിത് സ്നേഹമാണ് ബിജെപിക്കെന്ന് കോൺഗ്രസ് ആരോപിക്കുന്നു.അഹിന്ദ എന്ന പേരിൽ ദളിത് പിന്നാക്ക കൂട്ടായ്മ കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അതിനെ പൊളിക്കാൻ കൂടിയാണ് പിന്നാക്കക്കാരെ ക്ഷണിച്ചുളള ബിജെപി അടവ്.