തിരുവനന്തപുരം: വിരസമായ ഇടപാടാണ് ബജറ്റവതരണം. കണക്കിലെ കളിയും സാമ്പത്തിക ശാസ്ത്രത്തിന്‍റെ കാഠിന്യവും ചാലിച്ച ഒരു വിരസാവതരണം. പക്ഷെ ഈ വിരസത ഒഴിവാക്കാന്‍ കഥയും കവിതയുമടക്കമുള്ള സാഹിത്യ രചനകളെ ആദ്യമായി ബജറ്റവതരണത്തില്‍ ഉള്‍പ്പെടുത്തിയത് തോമസ് ഐസക്കാണ്. 

ബഷീര്‍ മുതല്‍ എംടിവരെയുള്ളവരുടെ സാഹിത്യ കൃതികള്‍ തോമസ് ഐസക് കടമെടുത്തിട്ടുണ്ട്. പാത്തുമ്മയുടെ ആടും തകഴിയുടെ കയറുമെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. 2008ല്‍ ഹൈലൈറ്റ് പാത്തുമ്മയാണെങ്കില്‍ 2009ല്‍ തകഴിയുടെ 'കയറാ'യിരുന്നു. 2010ല്‍ വൈലോപ്പള്ളി കവിതയും, 2011ല്‍ ഓഎന്‍വി ബജറ്റിനായി എഴുതിയ കവിതയും ഇടംപിടിച്ചു. 16ല്‍ ഓഎന്‍വിയുടെ തന്നെ ദിനാന്ത്യത്തിന്‍റെ അവസാനവരികളും, 2017ല്‍ എംടിയുടെ പ്രസംഗ ശകലങ്ങളുമായിരുന്നു ധനമന്ത്രിയുടെ ബജറ്റിനെ സാഹിത്യപൂരിതമാക്കിയത്.

ഇത്തവണത്തെ ബജറ്റവതരണത്തിലും സാഹിത്യ രചനകളെ കൂട്ടുപിടിക്കാന്‍ അദ്ദേഹം മറന്നില്ല. ഓഖി ദുരന്തത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലം വിവരിക്കാനാണ് തോമസ് ഐസക് ഇത്തവൺ ആദ്യം സാഹിത്യകൃതികളെ കൂട്ടുപിടിച്ചത്. 

സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലുമായിരുന്നു ആദ്യം തോമസ് ഐസക്കിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. കടലും കാറ്റും തീരത്തിന് ഉയിര്‍നല്‍കുന്നവരാണെന്ന് സുഗതകുമാരി ടീച്ചര്‍ പാടി. പക്ഷേ ആലോചനരഹിതമായ മനുഷ്യ ഇടപെടലുകള്‍ പ്രകൃതിയെ മഹാമൃത്യുരക്ഷസ്സായി മാറ്റിയിരിക്കുകയാണ്. കെടുതി വിതച്ച് അലറുകയാണ് കാറ്റും കടലും. പക്ഷെ തീരം തളരില്ല. പ്രിയങ്കരിയായ കവി പാടിയതുപോലെ 'കടലമ്മ തന്‍ മാറില്‍ കളിച്ച് വളര്‍ന്നവര്‍ കരുത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും ഞങ്ങള്‍'.. എനിക്കുറപ്പുണ്ട്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കും... ഇങ്ങനെ തോമസ് ഐസക് ബജറ്റവതരണം തുടങ്ങി.

സ്‍ത്രീകളുടെ അവസ്ഥ പറയവെ, സ്‍കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥി രചിച്ച കവിതയും തോമസ് ഐസക് എടുത്തു പറഞ്ഞു. പത്താം ക്ലാസുകാരിയായ സ്‍നേഹ എഴുതിയ കവിതയാണ് തോമസ് ഐസക് എടുത്തു പറഞ്ഞത്. കെമിസ്‍ട്രി സാറാണ് പറഞ്ഞത്, അടുക്കള ഒരു ലാബാണ്, പരീക്ഷിച്ച്, നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത്, വെളുപ്പിനുണര്‍ന്ന്, പുകഞ്ഞ് പുകഞ്ഞ്, തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുപുരണ്ട ഒരു മെഷ്യന്‍, അവിടെ എന്നും സോഡിയം ക്ലോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുവെന്ന്.. കവതയില്‍ പറയുന്നതുപോലുള്ള അദ്ധ്വാനത്തിന് അന്തസ് സ്‍ത്രീക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ കെആര്‍ മീരയുടെ ആരാച്ചാര്‍ വരെയുള്ള കൃതികള്‍ തോമസ് ബജറ്റവതരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.