ഉത്തരാഖണ്ഡില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്..എന്നാല്‍ ഉത്തരാഖണ്ഡ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാട് ലോക്‌സഭ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുന്നതോടെ സഭ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്.

വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണവും കേന്ദ്രത്തിന് തലവേദനയാകും. ഇസ്രത് ജഹാന്‍ കേസില്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയ ഇടപെടല്‍ നടത്തിയെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ചെറുക്കാനാണ് ബിജെപി ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സഭനടപടികളുമായി സഹകരിക്കാമെന്ന് എല്ലാ രാഷ്‌ട്രീയ കക്ഷികളും ഉറപ്പ് നല്‍കിയതായി ലോക്‌സഭ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അടുത്ത മാസം 13 വരെ നീളും.