ബീജിങ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ, അമേരിക്കയില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ആണവശക്തി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ചൈനയില്‍ ശക്തമാകുന്നു. കൂടുതല്‍ ആണവകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പണം ചെലവഴിക്കണമെന്ന വാദവുമായി രംഗത്തെത്തിയത് പ്രമുഖ ചൈനീസ് ദിനപത്രത്തിന്റെ എഡിറ്റോറിയലാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ്‌ ഡെയ്‌ലിയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടൈംസ് എന്ന പത്രത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. ദ പ്രൊട്ടക്ഷന്‍ റാക്കറ്റ് എന്ന തലക്കെട്ടില്‍ ലേഖനത്തില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണി പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നാണ് ആവശ്യം. ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡിഎഫ്-41 കൂടുതലായി നിര്‍മ്മിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആഴ്‌ച ഇതു രണ്ടാം തവണയാണ് സൈനികശക്തി വര്‍ദ്ധിപ്പിക്കണമെന്ന തരത്തില്‍ ചൈനീസ് മാധ്യമങ്ങളില്‍ ലേഖനം വരുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.