മതിയായ സുരക്ഷയും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാത്ത കെട്ടിട ഉടമകള്‍ക്ക് എതിരെ മസ്കറ്റ് നഗരസഭ നടപടി ശക്തമാക്കുന്നു. കെട്ടിട അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ കര്‍ശനമാക്കിയത്. നഗരസഭക്ക് കീഴില്‍ കെട്ടിട സുരക്ഷാ പരിശോധനകള്‍ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ഭാഗികമായോ, പൂര്‍ണമായോ വാടകക്കാര്‍ക്കു സുരക്ഷിതമല്ലാത്ത സാഹചര്യം കെട്ടിടങ്ങള്‍ക്കുണ്ടാകുന്നത് നഗരസഭാ കെട്ടിട നിയമപ്രകാരം കുറ്റകരമാണ്. കെട്ടിടങ്ങളിലെ അറ്റകുറ്റ പണികളും, തകരാറുകളും കെട്ടിട ഉടമയോ, റിയല്‍ എസ്റ്റേറ്റ് ഏജന്റോ ശരിയാക്കി നല്‍കണം. കെട്ടിടത്തിന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം കെട്ടിട ഉടമക്കും, കെട്ടിടം കൈകാര്യം ചെയ്യുന്ന ഏജന്റിനും ആയിരിക്കും .

കെട്ടിട ഉടമയോ, ഏജന്റോ, കെട്ടിടത്തിന്റെ തകരാറുകള്‍ തീര്‍പ്പാക്കി നല്‍കാത്ത പക്ഷം, അത് നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ അവ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിച്ച്, ചിലവായ തുക കെട്ടിട ഉടമയില്‍ നിന്ന് നഗര സഭ ഈടാക്കും. ഇതിനു പുറമെ നിയമപ്രകാരമുള്ള പിഴയും ഉടമ നല്‍കേണ്ടിവരും.

മുപ്പതു വര്‍ഷത്തിന് മുകളില്‍ പഴക്കം ചെന്ന സുരക്ഷിതമല്ലാത്ത ധാരാളം കെട്ടിടങ്ങള്‍ മസ്കറ്റ് നഗരസഭ അതിര്‍ത്തിയില്‍ വാടകക്ക് നല്‍കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതു പരിശോധിക്കുവാനായി എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ ചുമതലപെടുത്തിയിട്ടുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി.

മസ്കറ്റ് നഗരസഭ പരിധിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു അപകടങ്ങള്‍ ഉണ്ടായതായി ഇതുവരെയും റിപ്പോര്‍ട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും കെട്ടിട സുരക്ഷാ വിഷയങ്ങളില്‍ നഗരസഭ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ല എന്നു മസ്കറ്റ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സാലിം മുഹമ്മദ് അല്‍ ഗമ്മാരി പറഞ്ഞു. ഇതിനോടകം തന്നെ വിവിധ കെട്ടിട ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും സാലിം ഗമ്മാരി അറിയിച്ചു.