ബുലന്ദ്ഷഹർ എസ് എസ് പി   (സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) കൃഷ്ണ ബഹാദൂര്‍ സിം​ഗ്, സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി എസ് പി  സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. 

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കലാപത്തിൽ എസ് എസ് പിയെ ആടക്കം മൂന്ന് പേരെ സ്ഥലം മാറ്റി. ബുലന്ദ്ഷഹർ എസ് എസ് പി (സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) കൃഷ്ണ ബഹാദൂര്‍ സിം​ഗ്, സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി എസ് പി സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കലാപമുണ്ടായി ആറ് ദിവസത്തിന് ശേഷമാണ് ആദ്യ നടപടി.

കൃഷ്ണ ബഹാദൂര്‍ സിം​ഗിനെ ലഖ്നൗ ഡി ജി പി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് മാറ്റിയത്. സീതാപൂര്‍ എസ് പി പ്രഭാകര്‍ ചൗധരിയെയാണ് പകരം ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഡി ജി പി ഒ പി സിം​ഗിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം സുബോധ് കുമാർ കൊല്ലപ്പെട്ടത് അപകടമാണെന്നും ആള്‍ക്കൂട്ട കൊലപാതകമല്ലെന്നുമുള്ള ന്യായീകരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്തെത്തിയിരുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാർക്കെതിരെയുള്ള നടപടി.

അതേ സമയം സുബോധ് കുമാര്‍ സിം​ഗിനെ വെടിവെച്ച സൈനികന്‍ ജിതേന്ദ്ര മാലികിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. ശ്രീനഗറിൽ ഇയാൾ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. അന്വേഷണത്തിൽ എല്ലാവിധ സഹായവും സൈന്യം പൊലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.