മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഈ വജ്ര ഖനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ 1961ല്‍ 44.55 ക്യാരറ്റ് വലുപ്പമുള്ള വജ്രം ഈ ഖനിയില്‍ നിന്ന് ലഭിച്ചിരുന്നു.

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖനിയിലെ തൊഴിലാളികള്‍ക്ക് ഖനനത്തിലൂടെ ലഭിച്ചത് ഒന്നരകോടി രൂപ വിലവരുന്ന അമൂല്യ വജ്രം. ബുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ ഖനന തൊഴിലാളിയായ മോട്ടിലാല്‍ പ്രചാതി എന്ന തൊഴിലാളിക്കാണ് വജ്രം ലഭിച്ചത്. വിശ്വസിക്കാനാവുന്നില്ല എന്നാണ് വജ്രത്തിന്റെ മൂല്യം അറിഞ്ഞപ്പോള്‍ മോട്ടിലാല്‍ പ്രതികരിച്ചത് എന്ന് പന്ന ജില്ലയിലെ മൈനിങ്ങ് ഓഫീസറായ സന്തോഷ് സിങ് വെളിപ്പെടുത്തി. 

രാജ്യത്തെ ഒരേ ഒരു വജ്രഖനിയായ പന്നയില്‍ കൃഷ്ണ കല്യാണ്‍പൂര്‍ പാട്ടി വില്ലേജില്‍ 25 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തുകയായിരുന്നു മോട്ടിലാല്‍. ഭോപ്പാലില്‍ നിന്ന് 413 കിലോമീറ്റര്‍ അകലെയാണ് പന്ന സ്ഥിതി ചെയ്യുന്നത്. 42.59 ക്യാരറ്റ് മൂല്യമുള്ള ഈ വജ്രം ഈ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള വജ്രങ്ങളില്‍ വലുപ്പത്തില്‍ രണ്ടാമതും മൂല്യത്തില്‍ ഒന്നാമതുമാണ്. 

മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഈ വജ്ര ഖനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ 1961ല്‍ 44.55 ക്യാരറ്റ് വലുപ്പമുള്ള വജ്രം ഈ ഖനിയില്‍ നിന്ന് ലഭിച്ചിരുന്നു. മൂന്ന് തലമുറകളായി ഞങ്ങള്‍ ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നു. എന്നാല്‍ ഇതുവരെ ഇത്തരത്തിലൊരു ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ദൈവ സഹായത്തില്‍ എനിക്ക് മികച്ച മൂല്യമുള്ള വജ്രം ലഭിച്ചിരിക്കുന്നു. 

ഈ പണം ഞാന്‍ എന്‍റെ കുഞ്ഞുങ്ങളുടെ പഠനത്തിനും സഹോദരന്മാരുടെ മക്കളുടെ വിവാഹത്തിനും പുതിയ വീട് വെക്കാനുമായി ചിലവഴിക്കും' എന്ന് മോട്ടിലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഒന്നരകോടി രൂപ വില വരുന്ന ഈ വജ്രം നിലവില്‍ കളക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വജ്രം ലേലത്തിന് വെക്കും. ലേലത്തില്‍ ചിലപ്പോള്‍ കൂടുതല്‍ വില ലഭിക്കാനും സാധ്യതയുണ്ട്. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്ന് 11 ശതമാനം നികുതി എടുത്ത ശേഷം വരുന്ന തുക മോട്ടിലാലിന് കൈമാറും.