ന്യൂ‍ല്‍ഹി: കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്നും കൊല്ലപ്പെട്ട ബുർഹാൻ വാണി തീവ്രവാദി തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പാര്‍ലമെന്‍റില്‍. വർഷകാല സമ്മേളനം തുടങ്ങിയ ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് പാക്കിസ്ഥാനും കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാണിക്കുമെതിരെ ശക്തമായ ഭാഷയില്‍ ആഭന്തരമന്ത്രി രംഗത്തെത്തിയത്.

കശ്മീർ വിഷയത്തിൽ ദില്ലിയിലും ശ്രീനഗറിലും സർവ്വകക്ഷി യോഗം വിളിക്കണമെന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കശ്മീരിൽ സംഘർഷങ്ങൾ സ്പോണ്‍സർ ചെയ്യുന്നത് പാക്കിസ്ഥാനാണെന്നും ജനങ്ങളെയല്ല വിഘടനവാദികളെയാണ് സുരക്ഷാ ഭടൻമാർ നേരിടുന്നതെന്നും മറുപടി പ്രസംഗത്തിൽ രാജ്നാഥ് സിങ്ങ് പറഞ്ഞു. ബുർഹാൻ വാണി തീവ്രവാദിയായിരുന്നു,ഹിസ്ബുൾ മുജാഹിദ്ദീന്‍റെ കമാൻഡർ ആയിരുന്നു. ഇപ്പോഴത്തെ കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം പാക്കിസ്ഥാനാണ്.


കശ്മീരിൽ തീവ്രവാദികളെ നേരിടുന്നത് പോലെയാണ് ജനങ്ങളെ നേരിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. തീവ്രവാദികളെ നേരിടുന്നത് പോലെയാണ് ആറ് വയസ്സുള്ള കുട്ടികളെ പോലും സുരക്ഷാ ഭടൻമാർ നേരിടുന്നത്.

പത്താം ദിവസവും കശ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്. ഇന്ന് രാവിലെ പ്രക്ഷോഭകാരികൾ പുൽവാമ എംഎൽഎയും പിഡിപി മുതിർന്ന നേതാവുമായ ഖലീദ് മുഹമ്മദ് ബന്ദിനെ കാറിൽ നിന്നും ഇറക്കി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ബന്ദിനെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർച്ചായ രണ്ടാം ദിനവും പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി. കശ്മീർ വിഷയം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ചൈനക്കും,ഇറാനും,സൗദി അറേബ്യക്കും വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗിലാനി കത്തയച്ചു.