ഇടുക്കി: മത്സരപ്പാച്ചിലിനിടെ ബസിൽ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു . ഈരാറ്റു പേട്ട വട്ടക്കയം സ്വദേശി നാഷിദയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ദാരുണമായ അപകടമുണ്ടായത്. സഹോദരിക്കും ഇളയമകള്‍ക്കുമൊപ്പം തിക്കോയി അക്ഷയ കേന്ദ്രത്തിൽ പോയി മടങ്ങിവരികയായിരുന്നു നാഷിദ. ഗര്‍ഭിണിയായ ഇവര്‍ നിന്നാണ് യാത്ര ചെയ്തത്. അമിത വേഗത്തിൽ വളവ് തിരിക്കുന്നതിനിടെ നാഷിദ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസിന്‍റെ മുന്‍ വാതിൽ തകരാറിലായിരുന്നതിനാല്‍ തുറന്നിട്ടിരുന്നു. ബസുകളുടെ മത്സര ഓട്ടത്തിനിടെ ബസ് പെട്ടന്ന് വളവ് തിരിച്ചപ്പോള്‍ നാഷിദ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരുന്നിട്ടും സ്ത്രീകളടക്കം ആരും നാഷിദയ്ക്ക് സീറ്റ് നല്‍കാതിരുന്നതും അപകടത്തിന് കാരണമായി.
റോഡിലേക്ക് തെറിച്ച് വീണ നാഷിദയുടെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത് . ഈരാറ്റുപേട്ടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാഷിദ ആറു ദിവസം വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു. ഇതിനിടെ ശസ്ത്രക്രീയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. നവജാത ശിശു അടക്കം മൂന്നു കുട്ടികളുടെ മാതവാണ് നാഷിദ.
ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഇവര്‍ക്ക് സീറ്റ് തരപ്പെടുത്താൻ ജീവനക്കാര്‍ ശ്രമിച്ചില്ല. ഗര്‍ഭിണികള്‍ക്ക് സീറ്റ് നല്‍കണമെന്ന നിയമവും നടപ്പായില്ല.
അപടക വിവരം അറിയിച്ചിട്ടും നിർധനരായ ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ഉടമ തയ്യാറിയില്ലെന്ന് നാഷിദയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബസ്സ് ഡ്രൈവർ പൂഞ്ഞാർ സ്വദേശി യദുകൃഷ്ണനെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്സ്. ബസ്സ് പൊലീസ് കസ്റ്റഡിയിലാണ്. ഈരാറ്റു പേട്ട റൂട്ടിൽ മല്‍സരയോട്ടം പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.
