ഇടുക്കി: ഈരാറ്റുപേട്ടയിൽ ഒടിക്കൊണ്ടിരുന്ന ബസ്സിൻറെ തുറന്നു കിടന്നിരുന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച വീണ് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. കുഞ്ഞിനെ രക്ഷിച്ചെടുത്തു. ബസ്സുകളുടെ മത്സരയോട്ടവും ജീവനക്കാരുടെ അനാസ്ഥയുമാണ് അപകടത്തിനു കാരണമായത്. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് മരിച്ചത്. ഒൻപതു മാസം ഗർഭിണിയായിരുന്നു
വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സഹോദരിയോടും നാലു വയസ്സുകാരിയായ ഇളയ മകളോടുമൊപ്പം തീക്കോയി അക്ഷയ കേന്ദ്രത്തിൽ നിന്നും മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. ഗർഭിണിയായിട്ടും നാഷിദക്ക് ഇരിക്കാൻ സീറ്റു കിട്ടിയില്ല. തീക്കോയിയിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അമിത വേഗത്തിൽ വളവ് തിരിക്കുന്നതിനിടെയാണ് ഇവർ റോഡിലേക്ക് തെറിച്ചു വീണത്.
ബസ്സിൻറെ മുൻഭാഗത്തെ വാതിൽ തകരാറിലായിരുന്നതിനാൽ അടച്ചിരുന്നില്ല. തുറന്നു കിടന്ന ഈ വാതിലിലൂടെയാണ് ഷാനിദ പുറത്തേക്ക് തെറിച്ചു വീണത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഷാനിദയുടെ ജീവൻ വെൻറിലേറ്റർ സഹായത്തോടെയാണ് ആറു ദിവസം നിലനിർത്തിയത്. ഇതിനിടെ ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിനെ പുറത്തെടുത്തു.
ഗർഭണിയാണെന്ന് അറിഞ്ഞിട്ടും ഇരിപ്പിടം നൽകാൻ ആരും തയ്യാറായില്ല. ജീവനക്കാർ ഇതിന് ശ്രമിച്ചുമില്ല. ഗർഭിണികൾക്ക് സീറ്റ് നൽകണമെന്ന നിയമവും പാലിക്കപ്പെട്ടില്ല. ഇതാണ് അപകടത്തിന് കാരണം. അപടക വിവരം അറിയിച്ചിട്ടും നിർധനരായ ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ഉടമ തയ്യാറിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അമിത വേഗവും ആശ്രദ്ധയും ഇല്ലാതാക്കിയത് പിറന്നു വീണ പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്നു പേരുടെ അമ്മയെയാണ്. ബസ്സുകളുടെ ഈ മത്സരയോട്ടം കണ്ടിട്ടും അധികൃതർ നടപടിയെുക്കാത്തത് ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസ്സ് ഡ്രൈവർ പൂഞ്ഞാർ സ്വദേശി യദുകൃഷ്ണനെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്സ്. ബസ്സിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
