തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്വകാര്യബസ് കണ്ടക്ടറെ ഒരു സംഘം ആളുകള്‍ കുത്തി പരിക്കേല്‍പ്പിച്ചു. തിരക്കേറിയ എം ജി റോഡില്‍ വൈകീട്ടായിരുന്നു സംഭവം.

വൈകീട്ട് 4.30ന് എസ്എംവി സ്ക്കൂളിന് സമീപത്ത് വച്ചാണ് കുന്നുവിളദേവി ബസ്സിന്‍റെ കണ്ടക്ടര്‍ അരുണിന് കുത്തേറ്റത്. ബസ്സ് സ്റ്റേപ്പില്‍ നിര്‍ത്തിയതിന് പിന്നാലെ അഞ്ചംഗസംഘം ബസ്സില്‍ അരുണിനെ ബസ്സില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒരാള്‍ കൈയ്യില്‍ ഉണ്ടായിരുന്ന കത്തിവച്ച് കുത്തുകയായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. വയറിന് കുത്തേറ്റ അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിഎംജി ജംഗ്ഷനില്‍ വച്ച് രാവിലെ ബസ്സിനൊരാള്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്തിയിരുന്നില്ല ഇതിന്‍റെ പ്രതികാരമാവാം അക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.