ചെന്നൈ: ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട് സർക്കാർ ബസ് ചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതൽ നിലവിൽ വരും. ഇന്ധന വില വർധനവും വാഹനങ്ങളുടെ അനുബന്ധ സാധനങ്ങളുടെ വിലക്കറ്റവും തൊഴിലാളികളുടെ വേതന വർധനവും കണക്കിലെടുത്താണ് ബസ് ചാർജ് കൂട്ടിയതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഓർഡനറി ബസിന്റെ മിനിമം ചാർജിൽ ഒരു രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. 10 കിലോമീറ്റർ ദൂരം വരെയുള്ള യാത്രയുടെ നിരക്കിലാണ് ഒരു രൂപ വർധനവ് ഉണ്ടായിരിക്കുന്നത്. എക്സ്പ്രസ്, സെമി ഡീലക്സ് ബസുകളുടെ 30 കിലോമീറ്റർ ദൂരത്തേക്കുള്ള ഫെയർ ചാർജിൽ ഏഴു രൂപയുടെ വർധനയുണ്ടായി. 17 രൂപയിൽനിന്നും ഇത് 24 രൂപയായി.
ബസ് ചാർജ് വർധന സംബന്ധിച്ച് സർക്കാർ പരിശോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു.
