ഇന്നലെ രാത്രി കല്ലേറുണ്ടായ സാഹചര്യത്തില്‍ ഇന്ന് ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി പകല്‍ സര്‍വ്വീസ് നടത്തിയിരുന്നില്ല. നാട്ടിലേക്ക് പോകാനായി സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയവരെല്ലാം കുടുങ്ങി. തുടര്‍ന്ന് ബസുകള്‍ക്ക് സംരക്ഷണം നല്‍കാമെന്ന് കര്‍ണാടക പൊലീസ് മേധാവി ഉറപ്പ് നല്‍കിയതോടെയാണ് രാത്രിയില്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായത്. മാണ്ഡ്യ വരെ കര്‍ണാടക പൊലീസും തുടര്‍ന്നിങ്ങോട്ട് കേരള പൊലീസും ബസുകള്‍ക്ക് സുരക്ഷയൊരുക്കും. കര്‍ണാടക ആര്‍ടിസി ബസുകളും കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. മൈസൂര്‍ വഴിയാണ് കര്‍ണാടക ആര്‍ടിസിയുടെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഓണമാഘോഷിക്കാന്‍ നാട്ടിലെത്തിയ മലയാളികള്‍ക്ക് തിരികെ ബംഗളുവിലേക്ക് വരുന്നതിനുള്ള സംവിധാനവും കെഎസ്ആര്‍ടി ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും രണ്ട് പ്രത്യേക തീവണ്ടികള്‍ സര്‍വ്വീസ് നടത്തിയതും ഓണം നാട്ടിലാഘോഷിക്കാനാകുമോ എന്ന ആശങ്കയുമായി കഴിഞ്ഞ ബംഗളുരു മലയാളികള്‍ക്ക് ആശ്വാസമായി.