വയനാട്: വ്യാജ നമ്പറിലെത്തിയ ബസ് വയനാട് അതിര്‍ത്തിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ചൊവ്വാഴ്ച ശബരിമലയിലേക്ക് തീര്‍ത്ഥാടകരുമായി വന്ന കെ.എ. 11 എ 2174 എന്ന വ്യാജ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബസാണ് മുത്തങ്ങ തകരപ്പാടിയിലെ ആര്‍.ടി.ഒ ചെക്‌പോസ്റ്റില്‍ പിടികൂടിയത്. 20 ഓളം തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നു. നികുതി ഒടുക്കാനായി വാഹന അധികൃതര്‍ നല്‍കിയ രേഖകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനാല്‍ വിശദമായ പരിശോധനയിലാണ് ചെയ്‌സിസ് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. 

വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍ കെ.എ.05എ 2669 എന്നാണെന്നും കണ്ടെത്തി. ഈ നമ്പര്‍ പ്ലേറ്റിന് മുകളില്‍ വ്യാജനമ്പര്‍ സ്റ്റിക്കറിലായിരുന്നു രൂപപ്പെടുത്തിയിരുന്നത്. മാക്‌സി ക്യാബ് എന്ന തരത്തില്‍ ബാംഗ്ലൂരിലാണ് യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്ന് നികുതി കുടിശിക പിരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഭീമമായ തുക കുടിശികയുള്ളത് വെട്ടിക്കാനായിരിക്കാം നമ്പര്‍ മാറ്റി വാഹനം അതിര്‍ത്തി കടക്കാന്‍ ഒരുങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

എം.വി.ഐ പി.ആര്‍. മനു, എ.എം.വി.ഐമാരായ വി.എസ്. സൂരജ്, പി. പ്രജീഷ്, പി.ടി. അനീഷ്, എം.ജി. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടിച്ചെടുത്തത്. രണ്ടാഴ്ചക്കിടെ വ്യാജനമ്പറിലെത്തിയ മൂന്നാമത്തെ ബസാണ് ഇവിടെ പിടികൂടുന്നത്. തുടര്‍നടപടികള്‍ക്കായി ഡ്രൈവറെയും വാഹനത്തെയും സുല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറിയതായി വയനാട് ജോയിന്റ് ആര്‍.ടി.ഒ എസ്. മനോജ് അറിയിച്ചു.