495 രൂപ വിലയുള്ള ഒരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുക

ചെന്നൈ: ഇന്ധനവില ദിവസംതോറും കുതിച്ചുയരുകയാണ്. എന്നാല്‍ ഇത് ഒരു അവസമായി കണ്ട് ഉപയോഗപ്പെടുത്തുകയാണ് ചില കട ഉടമകള്‍. അത്തരത്തില്‍ കേക്ക് വാങ്ങിയാല്‍ പെട്രോള്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ബേക്കറി ഉടമ. 

495 രൂപ വിലയുള്ള ഒരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുക. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കട ഉടമ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കടയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ദിവസന്തോറും കൂടി വരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധം കൂടിയാണ് ഈ സൗജന്യ പെട്രേള്‍ വിതരണമെന്നാണ് ഇയാള്‍ പറയുന്നത്.

ഇത്തരത്തിൽ കഴിഞ്ഞ മാസം ഗൂഡല്ലൂരിൽ കുട്ടുകാരന്റെ വിവാഹത്തിന് സുഹൃത്തുക്കൾ സമ്മാനമായി നൽകിയത് അഞ്ച് ലിറ്റർ പെട്രോളായിരുന്നു. ഈ സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാടെന്നും മറ്റേത് സമ്മാനത്തെക്കാളും വിലയുള്ള പെട്രോൾ തന്നെയാണ് വിവാഹ സമ്മാനമായി നൽകാൻ പറ്റിയതെന്നുമായിരുന്നു അന്ന് സുഹൃത്തുക്കൾ പറഞ്ഞത്.