തിരുവനന്തപുരം: 2015ൽ യുഡി എഫ് സർക്കാർ അദാനിയുമായുണ്ടാക്കിയ വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് സി എ ജി റിപ്പോർട്ട്. കരാർ കാലാവധി 10 വർഷം നീട്ടിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29, 217 കോടിയുടെ അധികവരുമാനം ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്ന് സി എ ജി കണ്ടെത്തി. ഇപ്പോഴത്തെ കരാർ പ്രകാരം അദാനിക്ക് എൺപതിനായിരത്തോളം കോടിയുടെ അധിക നേട്ടമുണ്ടാക്കുമെന്നാണ് സി എ ജി നിഗമനം. ഈ റിപ്പോര്‍ട്ട് നവിയമസഭയില്‍ മേശപ്പുറത്തു വച്ചു.

Add Asianetnews as a Preferred SourcegooglePreferred

നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണ്. ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടും. സിഎജി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിർമാണക്കമ്പനിക്ക് 30 വർഷമാണ് സാധാരണ കാലാവധി അനുവദിക്കുക. അതേസമയം, പത്തുവർഷത്തെ കാലാവധി നീട്ടിനൽകിയതിനു പുറമെ ആവശ്യമെങ്കിൽ 20 വർഷം കൂടി കാലാവധി നൽകാമെന്നും കരാറിൽ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്പനികൾക്കുള്ള കാലാവധി 30 വർഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിർദേശം മറികടക്കുന്നതു തന്നെ തെറ്റാണ്. ഓഹരി ഘടനയിലെ മാറ്റം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. അദാനിക്കു നേട്ടമുണ്ടാക്കാൻ പറ്റുന്ന തരത്തിലാണു കരാറുണ്ടാക്കിയിരിക്കുന്നതെന്ന് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞദിവസം നിയമനസഭയില്‍ ആരോപിച്ചിരുന്നു. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നുമായിരുന്നു വി എസ് നിയമസഭയിൽ പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തിൽ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും പദ്ധതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞസർക്കാരിന്‍റെ തുടർച്ചയെന്നോണം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും വിഎസ് സഭയില്‍ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് സിഎജി റിപ്പോർട്ട് പുറത്തു വരുന്നത്.