കൊച്ചി: സ്പീക്കറും ആരോഗ്യ മന്ത്രിയും വിലയേറിയ കണ്ണടകള്‍ വാങ്ങിയത് വിവാദമാകുന്പോള്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുന്‍ മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ വാച്ചു വാങ്ങിയ കഥയോര്‍മിപ്പിച്ചുകൊണ്ടാണ് മകന്‍ ഡോ വി.രാമന്‍കുട്ടി ഫേസ് ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്.
ദല്‍ഹിയിലുണ്ടായിരുന്ന സമയത്ത് അച്ഛനായ അച്യൂതമേനോന്റെ വാച്ച് കേടായെന്നും അത് നന്നാക്കാന്‍ സമയം ഇല്ലാത്തതിനാല്‍ പേഴ്‌സണല്‍ സ്റ്റാഫിലൊരാളോട് പുതിയതൊന്ന് വാങ്ങാനും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ വാങ്ങിവന്നത് അഞ്ഞൂറു രൂപയുടെ വിലയേറിയ വാച്ചായിരുന്നു.
അന്നദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ വരുമാനത്തിനുള്ളില്‍ വച്ച് വാങ്ങാന്‍ കഴിയുന്ന വാച്ച് മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സ്റ്റാഫംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കര്‍ശനനിര്‍ദ്ദേശം നല്‍കിയ ശേഷം ആ വാച്ച് തിരികെ കൊടുത്ത് പകരം നൂറു രൂപയ്ക്കകത്തുള്ള വാച്ചാണ് മുന്‍മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍ വാങ്ങിയത്.
കേരള നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ കണ്ണട വാങ്ങുന്നതിനായി സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചത് വാര്‍ത്തയായ സാഹചര്യത്തിലാണ് മുന്‍മുഖ്യമന്ത്രിയുടെ മകനായ ഡോ വി രാമന്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
