റെന്റ് എ കാര്‍സേവനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്ന നിയമ ഭേദഗതിയാണ് ദുബായില്‍ നടപ്പിലാക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ബിന്‍ മുഹമ്മദ് ബിന്റാഷിദ് അല്‍മക്തൂം ഇതിന് അംഗീകാരം നല്‍കി. ഇതനുസരിച്ച് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഉപഭോക്താവിന് കാര്‍ വാടകയ്ക്ക് എടുക്കാം. എന്നാല്‍ ഇത്തരം കാറുകള്‍ എമിറേറ്റിന് പുറത്തേക്ക് കൊണ്ട് പോകാന്‍പാടില്ല എന്ന വ്യവസ്ഥയുണ്ട്.
നിലവില്‍ ചുരുങ്ങിയത് ഒരു ദിവസത്തേക്കാണ് റെന്റ് എ കാര്‍കമ്പനികള്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നത്. ചുരുങ്ങിയ മണിക്കൂറുകള്‍ക്ക് മാത്രമായി കാര്‍വാടകയ്ക്ക് എടുത്താലും ഒരു ദിവസത്തെ മുഴുവന്‍വാടകയും നല്‍കേണ്ട അവസ്ഥ പുതിയ നിയമത്തോടെ മാറും.
ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയാണ് മണിക്കൂറിന് കാര്‍വാടകയ്ക്ക് കൊടുക്കുന്ന സംവിധാനം നടപ്പിലാക്കുക. അഥോറിറ്റിക്ക് കീഴില്‍ ഫ്രാഞ്ചൈസിയായി മറ്റ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം.
മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്ന് ഇത്തരത്തില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാനും തിരിച്ചേല്‍പ്പിക്കാനും സംവിധാനം ഉണ്ടാകും. ടാക്‌സിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചെറിയ യാത്രകള്‍ സാധ്യമാക്കാന്‍ പുതിയ സംവിധാനം വരുന്നതിലൂടെ സാധിക്കും.
