ദില്ലി : ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിര്‍മ്മിക്കുന്ന കമ്പനികളെയും അത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രറ്റികളെയും ഇനി കാത്തിരിക്കുന്നത് മുട്ടന്‍ പണി. 

ഉപഭോക്തൃ സംരക്ഷണ നിയമം ആദ്യ തവണ ലംഘിച്ചാല്‍ 10 ലക്ഷം രൂപയും ഒരു വര്‍ഷം വരെ വിലക്കുമാണ് ശിക്ഷ. വീണ്ടും ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപയും മൂന്നുവര്‍ഷം വരെ വിലക്കും ഏര്‍പ്പെടുത്തും. ഉത്പന്നങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരാതി നല്‍കാനുള്ള വ്യവസ്ഥകളുമുണ്ട്. 

കുറ്റസക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് നേരെ പ്രൊട്ടക്ഷന്‍ അതോറിറ്റി നിയമനടപടി സ്വീകരിക്കും. 1986 മുതല്‍ നിലവിലുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് മാത്രമല്ല, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാവുന്ന വകുപ്പുകളും സിയമഭേദഗതിയില്‍ ഉണ്ടാകും.