തിരുവനന്തപുരം : നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നിക് കേളേജില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്. മൊറട്ടോറിയത്തിന്റെ കാലാവധി 2016 ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസിലെ യാത്രാനിരക്ക് സ്വകാര്യ ബസ്സ് യാത്രാനിരക്കുമായി ഏകീകരിച്ചു. കുറഞ്ഞ നിരക്ക് ആറു രൂപയായിരുന്നത് വീണ്ടും ഏഴു രൂപയാക്കി.
   
2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ്     ഒഴികെ മെഡിക്കല്‍, ആയുഷ്, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് ടെസ്റ്റ് നടത്തില്ല. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായി ആവശ്യമായ 105 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 50 ഡോക്ടര്‍മാര്‍, 55 സ്റ്റാഫ് നേഴ്‌സുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.