'ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന കോൺ​ഗ്രസിനെക്കാളും വ്യത്യസ്തമായി എല്ലാം അറിയാമെന്നുള്ള ധാരണയാണ് മോദിക്കുള്ളത്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന അദ്ദേഹത്തെ ഫീഡ്ബാക്ക് അറിയിക്കാനുള്ള അവസരവും ഇല്ല. അതാണ് കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം'-രാഹുൽ പറഞ്ഞു.

ഭുവനേശ്വർ: കേന്ദ്രമന്ത്രിസഭയിലെ ഭൂരിഭാ​ഗം പേർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിയോജിപ്പുണ്ടെന്നും എന്നാൽ അക്കാര്യം തുറന്നു പറയാൻ ആരും തയ്യാറാകുന്നില്ലെന്നും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഭുവനേശ്വറിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന കോൺ​ഗ്രസിനെക്കാളും വ്യത്യസ്തമായി എല്ലാം അറിയാമെന്നുള്ള ധാരണയാണ് മോദിക്കുള്ളത്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന അദ്ദേഹത്തെ ഫീഡ്ബാക്ക് അറിയിക്കാനുള്ള അവസരവും ഇല്ല. അതാണ് കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം'-രാഹുൽ പറഞ്ഞു.

ബിജെപിയും ഒഡീഷയിലെ ബിജെഡിയും ഒരു പോലെയാണെന്നും രാഹുല്‍ ആരോപിച്ചു. ഇരുപാർട്ടികളും മുഖ്യമന്ത്രിയുടെ കീഴിൽ ‘ഗുജറാത്ത് മോഡലി’ലാണ് മാർക്കറ്റിം​ഗിൽ പണം ചെലവിടുന്നത്. കോൺഗ്രസ് പൂർണമായും കുറ്റമറ്റ വ്യവസ്ഥയിലാണ് തുടരുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗക്കാരോടും സംവദിക്കാൻ ആ​ഗ്രഹിക്കുന്നതുകൊണ്ടാണ് പലപ്പോഴും കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ബഹളത്തില്‍ കലാശിക്കുന്നതെന്നും രാഹുല്‍ അറിയിച്ചു.

'തന്നെക്കാൾ കൂടുതൽ അവരവരുടെ സംസ്ഥാനങ്ങളെ പറ്റി പൂർണ്ണ ബോധ്യമുള്ളവരാണ് ജനങ്ങൾ. അവരിൽ നിന്ന് തനിക്ക് പഠിക്കാൻ ഏറെയുണ്ട്. ഒരു സംസ്ഥാനം ഭരിക്കുന്നവർ ആരാണോ അവർ അവിടെയുള്ള ജനങ്ങളെ കേൾക്കുകയും അറിയുകയും വേണം. പട്‌നായിക് മൗനാനുവാദമായി നിന്നുകൊണ്ട് മോദിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. പട്‌നായിക് ഒരു സ്വേച്ഛാധിപതിയാണ്. എന്നാൽ മോദിയെ പോലെ വെറുപ്പ് നിറഞ്ഞയാളല്ല'-രാഹുൽ പറഞ്ഞു. വിദ്യാഭ്യാസം ഉള്ള നിരവധി പേരുണ്ട് നമ്മുടെ രാജ്യത്ത് പക്ഷെ അവരെല്ലാം തൊഴിൽ രഹിതരാണ്. വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൂടുതൽ സംരംഭങ്ങൾ കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.